Sunday, February 10, 2008

ഹിജാബ്

എന്തുകൊണ്ട്‌ ഇസ്ലാം സ്ത്രീയെ പര്‍ദ്ദയ്ക്കുള്ളില്‍ തളച്ചിട്ട്‌ തരംതാഴ്‌ത്തുന്നു?

* * *

ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനം പലപ്പോഴും സെക്കുലര്‍ മീഡിയയുടെ ആക്രമണത്തിന്‌ വിധേയമാവാറുണ്ട്‌. 'ഹിജാബ്‌' അല്ലെങ്കില്‍ ഇസ്ലാമിക വസ്ത്രധാരണരീതി 'അടിച്ചമര്‍ത്തപ്പെട്ട' മുസ്ലിംസ്ത്രീയുടെ പ്രതീകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിജാബിനെക്കുറിച്ചും അതിനു പിന്നിലെ മതപരമായ കല്‍പ്പനകളെക്കുറിച്ചും അതിന്റെ യുക്തിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുമുന്‍പ്‌, മറ്റു ജനസമൂഹങ്ങളിലും നാഗരികതകളിലും സ്ത്രീയുടെ സ്ഥാനം എന്തെന്ന് ഒരു നിരീക്ഷണം നടത്തുക.


1) സ്ത്രീ വിഷയസുഖത്തിനു മാത്രമുള്ള 'വസ്തു'

മഹത്തായ നാഗരികതകള്‍ സ്ത്രീയെ എങ്ങനെയാണ്‌ വീക്ഷിച്ചിരുന്നതെന്നതിന്‌ വ്യക്തമായ ഒരു ചിത്രം ലഭിയ്ക്കാന്‍, ചരിത്രത്തിന്റെ മണ്മറന്‍ഞ്ഞ ഏടുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമേ വേണ്ടൂ. സ്ത്രീയ്ക്ക്‌ ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നൂ ഈ സംസ്കാരങ്ങളില്‍.

a. ബാബിലോണിയന്‍ നാഗരികത

സ്ത്രീയ്ക്ക്‌ ഒരുവിധത്തിലുള്ള അവകാശങ്ങളുമില്ല. പുരുഷന്‍ ഒരു സ്ത്രീയെ വധിച്ചാല്‍ അയാളുടെ ഭാര്യയാണ്‌ വധശിക്ഷയ്ക്ക്‌ വിധേയയാവുക!

b. ഗ്രീക്ക്‌ നാഗരികത

നാഗരികതകളില്‍വച്ചേറ്റവും പ്രഭാപൂരിതമായത്‌ ഗ്രീക്ക്‌ നാഗരികതയാണെന്നാണ്‌ വയ്പ്പ്‌. ഈ 'പ്രഭാപൂരിതമായ' സംസ്കാരത്തില്‍ സ്ത്രീയ്ക്ക്‌ ഒരു അവകാശവുമില്ലെന്നുമാത്രമല്ല സമൂഹത്തിലും അവള്‍ക്കൊരു സ്ഥാനവുമില്ലായിരുന്നു. ഗ്രീക്ക്‌ മിത്തോളജിയില്‍ 'പന്‍ഡോറ' എന്നുപേരുള്ള ദേവതയാണ്‌ മനുഷ്യന്റെ എല്ലാവിധ നിര്‍ഭാഗ്യങ്ങളുടെയും തായ്‌വേര്‌. സ്ത്രീ 'മനുഷ്യനെക്കാള്‍' (പുരുഷനേക്കാള്‍!) താണ ഒരു വര്‍ഗ്ഗം മാത്രം. സ്ത്രീയുടെ ചാരിത്ര്യത്തിനു പക്ഷേ അവിടെ ഉയര്‍ന്ന സ്ഥാനമായിരുന്നു! പിന്നീട്‌ സ്ഥാനമാനങ്ങള്‍ക്കുപരിയായി എല്ലാവരും ലൈംഗികവൈകൃതങ്ങളിലും വേശ്യാവൃത്തിയിലും കഴുത്തറ്റം മുങ്ങിയ ഒരു കാഴ്ചയാണ്‌ ഈ നാഗരികതയില്‍ നാം കാണുന്നത്‌.

c. റോമന്‍ നാഗരികത

റോമന്‍ സംസ്കാരം അതിന്റെ ഉന്നതി പ്രാപിച്ച കാലഘട്ടത്തില്‍പ്പോലും തന്റെ ഭാര്യയുടെ ജീവനെടുക്കാനുള്ള 'അവകാശം' പുരുഷന്‌ അനുവദിച്ച്‌ കിട്ടിയിരുന്നു.

d. ഈജിപ്‌ഷ്യന്‍ നാഗരികത

സ്ത്രീ തിന്മയുടെ മൂര്‍ത്തി. ചെകുത്താന്റെ ആയുധം.

e. ഇസ്ലാമിനു മുന്‍പുള്ള അറേബ്യ

സ്ത്രീയ്ക്ക്‌ സമൂഹത്തില്‍ ഒരുവിലയുമില്ല. പെണ്‍കുട്ടി ജനിച്ചാല്‍ ജീവനോടെ കുഴിച്ചുമൂടാന്‍പോലും അവര്‍ മടിച്ചിരുന്നില്ല. ഒരാള്‍ മരിച്ചാല്‍ മറ്റുസ്വത്തുക്കള്‍ക്കൊപ്പം അയാളുടെ ഭാര്യമാരെയും ബന്ധുക്കള്‍ പങ്കിട്ടെടുക്കുമായിരുന്നു.

2) ഇസ്ലാം സ്ത്രീയുടെ പദവി ഉയര്‍ത്തി, അവര്‍ക്ക്‌ സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കി. സ്ത്രീകള്‍തന്നെ അവരുടെ പദവി നിലനിര്‍ത്തണമെന്ന്‌ ഇസ്ലാം കല്‍പ്പിക്കുന്നു.

ആയിരത്തി നാന്നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഇസ്ലാം സ്ത്രീയ്ക്ക്‌ എല്ലാവിധ അവകാശങ്ങളും നല്‍കി അവരുടെ പദവിയും സമൂഹത്തിലെ സ്ഥാനവും വകവെച്ചുകൊടുക്കുന്നു. സ്ത്രീകള്‍തന്നെ അവരുടെ അവകാശങ്ങളും പദവിയും സംരക്ഷിയ്ക്കണമെന്ന് അതാവശ്യപ്പെടുന്നു.

പുരുഷനും 'ഹിജാബ്‌'

ഹിജാബിനെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം അത്‌ സ്ത്രീയെസംബന്ധിച്ച്‌ മാത്രം പ്രസക്തമായ കാര്യമെന്ന നിലയിലുള്ളവയാണ്‌. എന്നാല്‍ സ്ത്രീയുടെ ഹിജാബിനുമുന്‍പ്‌ പുരുഷന്റെ ഹിജാബിനെക്കുറിച്ചാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌. സൂറ അല്‍-നൂര്‍ (24-ആം അദ്ധ്യായം) പറയുന്നു:

( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (24:30)

സ്ത്രീയ്ക്കു നേരെ നോക്കുമ്പോള്‍ ചീത്ത വികാരങ്ങള്‍ മനസ്സിലേക്ക്‌ വന്നാല്‍ തന്റെ ദൃഷ്‌ടി താഴ്‌ത്തട്ടെയെന്നാണ്‌ ഖുര്‍ആന്‍ പുരുഷനോട്‌ കല്‍പ്പിക്കുന്നത്‌.

സ്ത്രീയുടെ ഹിജാബ്‌

സൂറ അല്‍-നൂറിലെ തൊട്ടടുത്ത വചനം പറയുന്നു:


സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. (24:31)

3. ആറ്‌ നിബന്ധനകള്‍

ഖുര്‍ആനും സുന്നയും(പ്രവാചകചര്യ) അനുസരിച്ച്‌ ഹിജാബ്‌ അനുഷ്ഠിയ്ക്കുവാന്‍ ആറ്‌ നിബന്ധനകള്‍ വെച്ചിട്ടുണ്ട്‌.

1) പരിധി

മറയേണ്ട ശരീരഭാഗങ്ങള്‍ എവിടെ മുതല്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യണമെന്നതിന്‌ പരിധി നിശ്ചയിക്കുകയാണ്‌ ആദ്യം ചെയ്യുന്നത്‌. പുരുഷനും സ്ത്രീയ്ക്കും ഇത്‌ വ്യത്യസ്തമാണ്‌. പുരുഷന്‌ നിര്‍ബന്ധമായും മറയേണ്ട ശരീരഭാഗം നാഭി(പൊക്കിള്‍ച്ചുഴി) മുതല്‍ കാല്‍മുട്ടിന്‌ താഴെവരെയാണ്‌.( വസ്ത്രത്തിന്‌ ദൗര്‍ലഭ്യം നേരിടുകയോ വസ്ത്രംവാങ്ങാന്‍ കഴിവില്ലാത്തത്രയും ദാരിദ്ര്യമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍പ്പോലും, പുല്ലോ, ഇലയോ ഉപയോഗിച്ചെങ്കിലും അത്രയും ഭാഗം മറയ്ക്കപ്പെടണം. എന്നാല്‍ അത്തരം അവസ്ഥകളിലല്ലെങ്കില്‍ കഴുത്തു മുതല്‍ നെരിയാണിയുടെ മുകള്‍വരെയും പുരുഷന്‍ വസ്ത്രം ധരിച്ചിരിയ്ക്കണം.) സ്ത്രീകള്‍ക്കിത്‌ മുഖവും കൈപ്പടവും ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവനുമാണ്‌. ഇനി മുഖവും കൈപ്പടവും കൂടി മറയ്ക്കുവാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു വിരോധമില്ല. മുഖവും കൈപ്പടവും കൂടി സ്ത്രീകള്‍ മറയ്ക്കണമെന്ന് ചില ഇസ്ലാമിക പണ്ഡിതന്മാര്‍ നിബന്ധനവെയ്ക്കാറുണ്ട്‌. എന്നാല്‍ ഖുര്‍ആന്‍ ഇത്തരമൊരു കല്‍പ്പന നല്‍കുന്നില്ല.

ഇനിയുള്ള നിബന്ധനകള്‍ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയാണ്‌.

2) ധരിയ്ക്കുന്ന വസ്ത്രം ശരീരവടിവ്‌ പുറത്തുകാണിക്കാത്തതും അയഞ്ഞതുമായിരിക്കണം.

3) സുതാര്യമായ തുണികൊണ്ടുള്ള വസ്ത്രമായിരിക്കരുത്‌.

4) എതിര്‍ലിംഗത്തിലുള്ള വ്യക്തിയെ ആകര്‍ഷിക്കത്തക്കവിധം പകിട്ടാര്‍ന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ വസ്ത്രമാകരുത്‌.

5) എതിര്‍ലിംഗത്തിലുള്ളവര്‍ സാധാരണ ധരിയ്ക്കുന്ന വസ്ത്രത്തെ അനുസ്മരിപ്പിയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം ചെയ്യരുത്‌. (സ്ത്രീ പുരുഷന്മാരുടെ വസ്ത്രം ധരിയ്ക്കുക, അല്ലെങ്കില്‍ പുരുഷന്‍ സ്ത്രീയുടെ വസ്ത്രം ധരിയ്ക്കുക)

6) മറ്റു മതസ്ഥര്‍ (അവരുടെ അനന്യത(identity) നിലനിര്‍ത്താന്‍ വേണ്ടി) ധരിയ്ക്കുന്ന സവിശേഷമായ വസ്ത്രധാരണരീതിയെ അനുകരിച്ചുള്ള വസ്ത്രമാകരുത്‌.

4) പെരുമാറ്റവും ഹിജാബിലുള്‍പ്പെടുന്നു

പൂര്‍ണ്ണമായും ഇസ്ലാമികമായ ഹിജാബ്‌ വസ്ത്രധാരണത്തില്‍ മാത്രമൊതുങ്ങുന്നതല്ല. അത്‌ വ്യക്തിയുടെ ശാലീനത, പെരുമാറ്റം, മനോഭാവം, വ്യക്തിപരമായ ലക്ഷ്യം എന്നിവകൂടി ഉള്‍പ്പെട്ടതാണ്‌. മുകളില്‍ സൂചിപ്പിച്ച ആറ്‌ നിബന്ധനകള്‍ മാത്രം പാലിച്ച്‌ വസ്ത്രധാരണം നടത്തിയ വ്യക്തി ഹിജാബ്‌ പരിമിതമായ തോതില്‍ അനുഷ്ഠിയ്ക്കുന്നുവെന്നേയുള്ളു. കണ്ണുകളുടെയും ഹൃദയത്തിന്റെയും, ചിന്തയുടെയും ലക്ഷ്യത്തിന്റെയും ഹിജാബുകൂടി അനുഷ്ഠിയ്ക്കുമ്പോഴാണ്‌ ഇസ്ലാമികമായ ഹിജാബ്‌ പൂര്‍ണ്ണമാകുന്നത്‌. വ്യക്തിയുടെ നില്‍പ്പിലും നടപ്പിലും സംസാരത്തിലുമെല്ലാം ഇസ്ലാം അനുശാസിയ്ക്കുന്ന ഹിജാബ്‌ നടപ്പില്‍വരുത്തണമെന്നര്‍ത്ഥം.

5) ഹിജാബിന്റെ ലക്ഷ്യം

ഹിജാബ്‌ സ്ത്രീയ്ക്കുകൂടി നിര്‍ദ്ദേശിച്ചത്‌ എന്തിനെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു:


നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (33:59)

സത്യവിശ്വാസിനികള്‍ പ്രത്യേകം തിരിച്ചറിയപ്പെടാനും അവര്‍ ശല്യപ്പെടുത്തപ്പെടാതിരിക്കാനുമാണ്‌ ഹിജാബ്‌ അവര്‍ക്കുകൂടി നിര്‍ദ്ദേശിക്കപ്പെട്ടത്‌.

6) ഇരട്ടസഹോദരിമാരുടെ ഉദാഹരണം

ഈ ഒരു സന്ദര്‍ഭത്തെക്കുറിച്ച്‌ സങ്കല്‍പ്പിയ്ക്കൂ: രണ്ടു സഹോദരിമാര്‍, അവര്‍ ഇരട്ടകളാണ്‌, ഒരു പോലെ സുന്ദരിമാരുമാണ്‌, അവര്‍ തെരുവിലൂടെ നടക്കുന്നു. ഒരുവള്‍ ഇസ്ലാം നിര്‍ദ്ദേശിച്ച ഹിജാബ്‌ അനുഷ്ഠിയ്ക്കുന്നു — മുഴുവന്‍ ശരീരവും മുഖവും കൈപ്പടവും ഒഴികെ മറച്ചിരിയ്ക്കുന്നു. മറ്റവള്‍ പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണം ചെയ്തിരിയ്ക്കുന്നു — ഒരു മിനിസ്കര്‍ട്ട്‌ അല്ലെങ്കില്‍ ഷോര്‍ട്ട്‌സ്‌ അണിഞ്ഞിരിക്കുന്നു. ആ തെരുവിന്റെ അറ്റത്ത്‌ ഒരു പൂവാലന്‍ ഇരിക്കുന്നു, തന്റെ ഇരയെ കാത്ത്‌. ഈ സഹോദരിമാരില്‍ ആരെയായിരിക്കും പൂവാലന്‍ ശല്യപ്പെടുത്തുക? ഹിജാബ്‌ അണിഞ്ഞവളെയോ അതോ മിനി സ്കേര്‍ട്ട്‌ അണിഞ്ഞവളെയോ? സ്വാഭാവികമായും മിനിസ്കര്‍ട്ട്‌ അണിഞ്ഞവളെയായിരിക്കും ആ തെരുവുതെമ്മാടി ശല്യം ചെയ്യുക. അത്തരം വസ്ത്രങ്ങള്‍ എതിര്‍ലിംഗത്തിലുള്ള വ്യക്തിയ്ക്ക്‌ അതിക്രമത്തിനുള്ള പരോക്ഷമായ ക്ഷണമാണ്‌. ഹിജാബ്‌ സ്ത്രീയ്ക്ക്‌ അതിക്രമങ്ങളില്‍നിന്നുള്ള പരിചയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതെത്ര സത്യം!

7) അക്രമിയ്ക്കുള്ള ശിക്ഷ മരണം!

സ്ത്രീയെ മാനഭംഗപ്പെടുത്തുന്ന ഒരു പുരുഷന്‌, ഇസ്ലാമില്‍ ശരീഅ നിയമം മരണശിക്ഷയാണ്‌ വിധിച്ചിരിയ്ക്കുന്നത്‌. 'ഇത്ര കഠിനമായ ശിക്ഷയോ?!!' — പലരും അത്ഭുതം കൂറുന്നു. '(കുറ്റവാളിയോട്‌) ഒരു അനുകമ്പയും പ്രകടിപ്പിയ്ക്കാത്ത കിരാതമായ മതം' — ഇനിയും മറ്റു ചിലര്‍ ഇങ്ങനെയാണ്‌ പ്രതികരിയ്ക്കുന്നത്‌.

വളരെ ലളിതമായ ഒരു ചോദ്യം ഒരുപാട്‌ അമുസ്ലിം സുഹൃത്തുക്കളോട്‌ ഞാന്‍ ചോദിച്ചിട്ടുണ്ട്‌: "നിങ്ങളുടെ ഭാര്യയെയോ സഹോദരിയെയോ മാതാവിനെത്തന്നെയോ ഒരു തെമ്മാടി മാനഭംഗപ്പെടുത്തുന്നുവെന്ന്(ഒരിക്കലും അങ്ങനെ സംഭയ്ക്കാതിരിക്കട്ടെ) സങ്കല്‍പ്പിക്കുക. അക്രമിയെ പിടികൂടി നിങ്ങളുടെ മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നു. അവനുള്ള ശിക്ഷ വിധിയ്ക്കാന്‍ നിങ്ങള്‍ക്ക്‌ അധികാരം തന്നിരിക്കുന്നു. എന്തു ശിക്ഷയാണ്‌ ആ തെമ്മാടിയ്ക്ക്‌ നിങ്ങള്‍ വിധിയ്ക്കുക?" വധശിക്ഷയാണ്‌ താന്‍ വിധിയ്ക്കുകയെന്ന് ആ സുഹൃത്തുക്കളെല്ലാം ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു! ഇനിയും ചിലര്‍ ഒരു പടികൂടി കടന്ന് 'ഇഞ്ചിഞ്ചായുള്ള' മരണം വിധിയ്ക്കുമെന്നാണ്‌ മറുപടി പറഞ്ഞത്‌!!

അവരോട്‌ ഞാന്‍ വീണ്ടും ചോദിയ്ക്കുന്നു: "നിങ്ങളുടെ സ്വന്തം ആളുകളെ ആരെങ്കിലും മാനഭംഗപ്പെടുത്തിയാല്‍ അവന്‌ വധശിക്ഷ വിധിയ്ക്കുന്നത്‌ നീതി, ധര്‍മ്മം. എന്നാലിതേ കുറ്റം അന്യന്റെ ഭാര്യയോടോ, മാതാവിനോടോ സഹോദരിയോടോ ആണ്‌ ചെയ്തതെങ്കില്‍ കുറ്റവാളിയ്ക്ക്‌ വിധിയ്ക്കുന്ന വധശിക്ഷ കിരാതം, ക്രൂരം! എന്തേ സഹോദരാ ഈ ഇരട്ടത്താപ്പ്‌?!"


8) പാശ്ചാത്യന്റെ അവകാശവാദം

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പാശ്ചാത്യ ജല്‍പ്പനങ്ങള്‍ വാസ്തവത്തില്‍ സ്ത്രീയുടെ ശരീരത്തെ ചൂഷണം ചെയ്യാനുള്ള ഒളിയടവാണ്‌. അതവളുടെ ആത്മാവിനെ മലിനപ്പെടുത്തുന്നു, മാനം പിച്ചിച്ചീന്തുന്നു. 'അവള്‍' എന്ന വ്യക്തിയ്ക്കത്‌ തെല്ലും വില കല്‍പ്പിക്കുന്നില്ല. അവളുടെ കഴിവുകള്‍ക്കോ വ്യക്തിത്വത്തിനോ യാതൊരു പ്രസക്തിയുമില്ല. പ്രസക്തിയുള്ളത്‌ അവളുടെ ശരീരത്തിനുമാത്രം! എന്നിട്ടും സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം 'ഉയര്‍ത്തിയത്‌' ഇവരാണുപോലും!

എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അവര്‍ അവളെ ഒരു വെപ്പാട്ടിയുടെയോ വേശ്യയുടെയോ സ്ഥാനത്ത്‌ നിര്‍ത്തിയിരിക്കുകയാണ്‌. കലയുടെയും സംസ്കാരത്തിന്റെയും വര്‍ണാഭമായ പുതപ്പിട്ടുകൊണ്ട്‌ സ്ത്രീയെ ചൂഷണംചെയ്യാന്‍ പാശ്ചാത്യന്‍ വഴികളൊരുപാട്‌ കണ്ടെത്തിയിരിക്കുന്നു.

9) യാഥാര്‍ത്ഥ്യമെന്ത്‌?

ലോകത്തിലെ ഏറ്റവും വികസിതമായ, ഏറ്റവും പുരോഗതി പ്രാപിച്ച രാഷ്ട്രമാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍. ബലാത്സംഗത്തിന്റെയും മാനഭംഗത്തിന്റെയും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെയും കാര്യത്തിലും ലോകത്തിലെ ഏറ്റവും വികസിതമായ, ഏറ്റവും പുരോഗതി പ്രാപിച്ച രാഷ്ട്രവും ഇതേ അമേരിക്കന്‍ ഐക്യനാടുകള്‍ തന്നെയാണ്‌! 1990-ലെ ഒരു എഫ്‌.ബി.ഐ. റിപ്പോര്‍ട്ട്‌ പറയുന്നത്‌, ഒരു ദിവസം ശരാശരി 1756 മാനഭംഗക്കേസുകള്‍ ഇവിടെ സംഭവിയ്ക്കുന്നുവെന്നാണ്‌.

ഇസ്ലാമികമായ ഹിജാബ്‌ അമേരിക്കയില്‍ പിന്തുടരുന്നുവെന്ന് കരുതുക. അന്യസ്ത്രീകളെ നോക്കുമ്പോള്‍ ഒരു പുരുഷന്റെ മനസ്സില്‍ അധമവികാരങ്ങള്‍ വരുന്നുവെങ്കില്‍ ഉടന്‍ അവന്‍ തന്റെ ദൃഷ്ടികള്‍ താഴ്ത്തുന്നു, സ്ത്രീകള്‍ മുഴുവനും ഹിജാബ്‌ അനുഷ്ടിയ്ക്കുന്നു — അതായത്‌ അവരുടെ ശരീരം മുഴുവനും, മുഖവും മുന്‍കൈകളും ഒഴികെ, മറച്ചിരിയ്ക്കുന്നു. എന്നിട്ടും വല്ല പുരുഷനും സ്ത്രീയെ മാനഭംഗപ്പെടുത്തുന്നുവെങ്കില്‍ അവന്‌ വധശിക്ഷ തന്നെ വിധിയ്ക്കുന്നു. ഞാന്‍ ചോദിക്കട്ടെ, ഇത്തരമൊരു സാഹചര്യത്തില്‍, അമേരിക്കയിലെ മാനഭംഗത്തിന്റെ തോത്‌ കൂടുമോ?, ഒരുമാറ്റവും സംഭവിയ്ക്കാതെ നില്‍ക്കുമോ?, അതുമല്ല, കുറയുകയാണോ ചെയ്യുക?

10) ശരീഅ നിയമങ്ങള്‍ ഫലപ്രദം

ശരീഅ നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതോടെ സ്വാഭാവികമായും മാതൃകാപരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഏതാണ്ട്‌ പൂര്‍ണ്ണമായും ഇല്ലാതാകും. ശരീഅ നിയമങ്ങള്‍ എവിടെയാണോ നടപ്പില്‍വരുത്തുന്നത്‌, അവിടുത്തെ ജനസമൂഹങ്ങള്‍ ആശ്വാസത്തിന്റെ ശുദ്ധവായു ശ്വസിയ്ക്കും. തീര്‍ച്ച!